വാഷിംഗ്ടൺ ഡിസി: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരേ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഇതോടെ അമേരിക്കൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ് രേഖപ്പെടുത്തി.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 290 പോയിന്റ് (0.6%) താഴ്ന്നപ്പോൾ, എസ് & പി 500 0.4%യും നാസ്ദാക്ക് 0.3% വും ഇടിഞ്ഞു.
പ്രധാന ബാങ്കുകളുടെ ഓഹരികളും താഴ്ന്നു. ക്രെഡിറ്റ് കാർഡ് പലിശനിരക്ക് ഒരു വർഷത്തേക്ക് പത്തു ശതമാനമായി പരിധി നിശ്ചയിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടതും വിപണിയിലെ വിറ്റഴിക്കലിനു കാരണമായി.
യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം സ്ഥിരീകരിച്ച ജെറോം പവൽ, ഈ അന്വേഷണത്തെ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പലിശനയത്തെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമമാണിതെന്നാണ് ജെറോം ആരോപിക്കുന്നത്. മാസങ്ങളായി പലിശ കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ട്രംപ് നടത്തുന്ന സമ്മർദപ്രചാരണത്തിനുശേഷമാണ് ക്രിമിനൽ അന്വേഷണം.
ഫെഡറൽ റിസർവിന്റെ വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനമന്ദിര നവീകരണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണങ്ങളിലാണ് അന്വേഷണം.
250 കോടി ഡോളർ ചെലവ് വരുന്ന നവീകരണ പദ്ധതിയിൽ അമിത ചെലവുണ്ടായതായി ട്രംപ് ആരോപിക്കുന്നുണ്ട്. അനന്തരാഘാതങ്ങളാൽ ചെലവ് കൂടിയതാണെന്നും ദീർഘകാലത്ത് ചെലവ് കുറയ്ക്കാനായിരിക്കും നവീകരണം സഹായിക്കുകയെന്നും ഫെഡ് വ്യക്തമാക്കുന്നു.
അതേസമയം, കാരണമുണ്ടെങ്കിൽ യുഎസ് പ്രസിഡന്റിന് ഫെഡ് ചെയർമാനെ നീക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല.